സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തും; കേരളം ഒറ്റക്കെട്ടെന്ന് സർവകക്ഷിയോഗം

Jaihind Webdesk
Monday, October 30, 2023

 

തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രമേയം പാസാക്കി കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗം. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കൾ സർക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം ജീവൻ കൊടുത്തും നിലനിർത്തും അതാണ് കേരളത്തിന്‍റെ പാരമ്പര്യം എന്ന് അടിവരയിട്ട് വ്യക്തമാക്കുന്ന പ്രമേയമാണ് സർവകക്ഷിയോഗം ഏകകണ്ഠമായി അംഗീകരിച്ചത്. സമാധാന അന്തരീക്ഷം തകർക്കാൻ അസഹിഷ്ണുതയുള്ളവർ നടത്തുന്ന ഒറ്റപ്പെട്ട ശ്രമങ്ങളെ കേരളം അതിജീവിക്കുമെന്നും ഊഹാപോഹങ്ങളും കെട്ടുകഥകളും പടർത്തി സ്പർധ വളർത്താനുള്ള നീക്കങ്ങളെ സമൂഹം മുളയിലേ നുള്ളിക്കളയണമെന്നും പ്രമേയത്തിലൂടെ സർവകക്ഷിയോഗം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കൾ സർക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യം തകർക്കുവാനുള്ള ശ്രമ
ങ്ങളെ കൂട്ടായി ചെറുക്കണമെന്നും രാജ്യവിരുദ്ധരുടെയും സമൂഹവിരുദ്ധരുടെയും ദുഷ്ട ലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും സർവകക്ഷിയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.