വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹുല്‍ ഗാന്ധി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍

Jaihind News Bureau
Thursday, August 27, 2020

കല്‍പ്പറ്റ : വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചതായി രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. രാഹുൽ ഗാന്ധി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മണ്ഡലത്തിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ നാല് റോഡുകളുടെ വികസനത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ മഞ്ഞപ്പാറ-നെല്ലാറച്ചാല്‍-മലയച്ചംകൊല്ലി റോഡിനായി 685.67 ലക്ഷം രൂപയും, മാടക്കര-ചെറുമാട്-കഴമ്പ്-നമ്പിക്കൊല്ലി റോഡിനായി 427.61 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

മാനന്തവാടി ബ്ലോക്കില്‍ വെള്ളമുണ്ട-പുളിഞ്ഞാല്‍-മൊതക്കര-അത്തിക്കൊല്ലി-തോട്ടോളിപ്പടി റോഡിനായി 814.81 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍പ്പെടുന്ന അരീക്കോട് ബ്ലോക്കില്‍ വിളയില്‍-കടുങ്ങലൂർ -ചിറപ്പാലം റോഡിനായി 336.09 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ 24.49 കിലോമീറ്റർ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായാണ് മണ്ഡലത്തില്‍ ഇത്രയും കോടി രൂപ ചെലവഴിക്കുന്നത്.