കൊറോണയ്ക്കിടയില്‍ ചുഴലിക്കാറ്റും; ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കണം; സജ്ജരായിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

 

കൊവിഡ് മഹാമാരിക്കിടെ പശ്ചിമബംഗാളിലും ഒഡീഷയിലും അംഫാന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. അംഫാന്‍ തീരത്ത് നാശം വിതയ്ക്കുകയാണെങ്കില്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരായിരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

‘കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യം ചുഴലിക്കാറ്റിനെയും നേരിടുകയാണ്. പ്രതികൂല സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും മുന്നിട്ടിറങ്ങാന്‍ ഒഡീഷയിലേയും പശ്ചിമ ബംഗാളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകർ സജ്ജരായിരിക്കണം’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെ അംഫാന്‍ പശ്ചിമ ബമഗാള്‍ തീരം തൊടുമെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ തീരത്തിന് 170 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. പശ്ചിമ ബംഗാളിലും വടക്കൻ ഒഡീഷ തീരത്തും റെഡ് അലര്‍ട്ട് നൽകിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭവും രൂക്ഷമാകുമെന്നാണ് പ്രവചനം.

Comments (0)
Add Comment