തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ കുളിച്ച പതിനേഴുകാരനാണ് രോഗം ബാധിച്ചത്. തുടര്‍ന്ന്, ആരോഗ്യവകുപ്പ് നീന്തല്‍ക്കുളം അടച്ചുപൂട്ടി. ഇവിടെനിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 16-നാണ് രോഗം ബാധിച്ച കുട്ടി സുഹൃത്തുക്കളോടൊപ്പം ഈ നീന്തല്‍ക്കുളത്തിലെത്തിയത്. ഒപ്പം കുളിച്ച സുഹൃത്തുക്കള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണാത്തത് ആശ്വാസകരമാണ്. മുന്‍കരുതലെന്ന നിലയില്‍ ഈ നീന്തല്‍ക്കുളം ഉപയോഗിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണത്തിലാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പതിനേഴുകാരന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. അതേസമയം ആകെ 66 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആകെ 19 പേര്‍ക്ക് രോഗബാധയും 7 മരണവും സ്ഥിരീകരിച്ചു.