സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം ബാധിച്ചത്. കുട്ടി കുളിക്കാനെത്തിയ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളം ആരോഗ്യവകുപ്പ് അടപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പൂളിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ക്കൊപ്പം ഈ സ്വിമ്മിംഗ് പൂളില്‍ കുളിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യം തുടരുകയാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് പുതിയ കണക്കുകള്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും അതില്‍ 17 പേര്‍ മരിച്ചെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ, തുടര്‍ച്ചയായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഔദ്യോഗിക കണക്കില്‍ രണ്ട് മരണം മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ കണക്കുകളിലെ അവ്യക്തത വാര്‍ത്താമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് പുതിയ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്.
ഈ മാസം മാത്രം 19 പേര്‍ക്ക് രോഗം ബാധിക്കുകയും 7 മരണം സംഭവിക്കുകയും ചെയ്തു. മസ്തിഷ്‌ക ജ്വര കേസുകളില്‍ അമീബിക് ജ്വരമാണോ എന്ന് ഉറപ്പുവരുത്താന്‍ കേരളത്തില്‍ വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. എന്നിരുന്നാലും, രോഗം സ്ഥിരീകരിച്ച കണക്കുകള്‍ മറച്ചുവെച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. രോഗബാധ തടയുന്നതിന് കൃത്യമായ കണക്കുകള്‍ നിര്‍ണായകമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.