മെമ്മറി കാര്‍ഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്; ദിലീപ് അംഗമാകണമെങ്കില്‍ അപേക്ഷിക്കട്ടെ എന്ന് ‘അമ്മ’

Jaihind News Bureau
Tuesday, January 20, 2026

കൊച്ചി: ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യെ പിടിച്ചുലച്ച മെമ്മറി കാര്‍ഡ് വിവാദത്തില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്. സംഘടന നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 2018-ലെ ‘മീ ടൂ’ വിവാദകാലത്ത് വനിതാ അംഗങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന ആരോപണത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്.

വിവരങ്ങള്‍ ശേഖരിച്ച മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ അന്തരിച്ച നടി കെ.പി.എ.സി ലളിതയ്ക്ക് കൈമാറിയതായി അന്വേഷണ സമിതി സ്ഥിരീകരിച്ചു. 2018-ല്‍ നടന്ന സംഭവം 2025-ലെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ചര്‍ച്ചയായത് രാഷ്ട്രീയ പ്രേരിതമാണെന്നും, മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നുമാണ് സംഘടനയുടെ പ്രാഥമിക വിലയിരുത്തല്‍. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേതാ മേനോനും ജോയി മാത്യുവുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സംഭവത്തില്‍ ആര്‍ക്കെങ്കിലും നിയമനടപടികളുമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കില്‍ അതിന് സംഘടന എതിരല്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വ്യക്തിപരമായ താല്‍പ്പര്യമനുസരിച്ച് അംഗങ്ങള്‍ക്ക് കേസുമായി മുന്നോട്ട് പോകാം. മെമ്മറി കാര്‍ഡിലെ ഉള്ളടക്കം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു.

നടന്‍ ദിലീപിന്റെ അംഗത്വത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ഭാരവാഹികള്‍ മറുപടി നല്‍കി. ദിലീപ് നിലവില്‍ സംഘടനയില്‍ അംഗമല്ലെന്നും, അംഗത്വം ആവശ്യമുണ്ടെങ്കില്‍ അദ്ദേഹം ആദ്യം അപേക്ഷ നല്‍കട്ടെ എന്നും അവര്‍ വ്യക്തമാക്കി. അപേക്ഷ ലഭിച്ചാല്‍ അത് ചട്ടപ്രകാരം പരിശോധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.