വിദ്യാർത്ഥികൾക്ക് പഠന സഹായവുമായി താരസംഘടന

Jaihind Webdesk
Tuesday, July 6, 2021

കൊച്ചി : നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായമേകാൻ താര സംഘടനയായ എഎംഎംഎ. ‘ഒപ്പം അമ്മയും’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ ആദ്യ ഘട്ടത്തിൽ നൽകുവാനാണ്‌ തീരുമാനം. ഫോൺ 4 മായി ചേർന്നാണ് പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്.  എക്സിക്യൂട്ടീവ് അംഗം നടൻ ബാബുരാജ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

സംഘടനയുടെ ഏതെങ്കിലും ഒരു അംഗത്തിന്‍റെ നിർദ്ദേശത്തിലോ (അവരുടെ സാക്ഷ്യപത്രത്തോടൊപ്പം) വാർഡ് കൗൺസിലർമാരുടെയോ മറ്റ് ഔദ്യോഗിക ജനപ്രതിനിധിയുടെയോ ശുപാർശയുടെ രേഖ കൂടെ ഉൾപ്പെടുത്തി പൂർണ്ണ വിവരങ്ങൾ അടങ്ങിയ കത്തിനോടൊപ്പം (വിലാസം, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ, കൂട്ടി പഠിക്കുന്ന സ്കൂൾ, ക്ലാസ്, പേര് തുടങ്ങിയ വിവരങ്ങൾ അടക്കം) ജൂലൈ 15 നു മുൻപായി സംഘടനയുടെ കൊച്ചി ഓഫീസിലേക്ക് തപാൽ വഴിയോ, ഇമെയിൽ വഴിയോ അയച്ചു തരിക. തീർത്തും അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ ഇതു ചെന്നെത്തണമെന്നു ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ 2 നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ലഭിക്കുന്ന കത്തുകളിൽ നിന്നും ആവശ്യമായ അന്വേഷണം നടത്തി തീർത്തും അർഹരായ 100 പേർക്കായിരിക്കും ടാബുകൾ ജൂലൈ അവസാന വാരത്തിൽ ആദ്യ ഘട്ടമായി വിതരണം ചെയ്യുന്നത്- എഎംഎഎ വാർത്താകുറിപ്പിൽ അറിയിച്ചു.