ലഖ്നൗ: ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഖ്നൗ വിമാനത്താവളത്തില്‍ ടേക്ക് ഓഫ് റദ്ദാക്കി. സമാജ്വാദി പാര്‍ട്ടി എം.പി. ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെ റണ്‍വേയുടെ അവസാനഭാഗത്തേക്ക് നീങ്ങവേയാണ് വിമാനം പറന്നുയരാന്‍ പാടുപെട്ടത്.
പ്രശ്‌നം മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ തന്നെ അടിയന്തര ബ്രേക്കുകള്‍ ഉപയോഗിച്ച് വിമാനം നിര്‍ത്തി. പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയച്ചു.
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് അടുത്തിടെയുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവം. ഈ മാസം ആദ്യം, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ ഒരു ഇന്‍ഡിഗോ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഉരസിയ സംഭവവും ഉണ്ടായിട്ടുണ്ട്.