Amitabh Bachchan| ഓണാശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്‍; ഓണം കഴിഞ്ഞ് ഒരാഴ്ചയായെന്നും അമളി പറ്റിയെന്നും ബച്ചനെ ട്രോളി മലയാളികള്‍

Jaihind News Bureau
Sunday, September 14, 2025

 

ഓണാശംസകള്‍ വൈകി പങ്കുവെച്ച ബോളിവുഡ് താരം അമിതാഭ് ബച്ചനെ ട്രോളി മലയാളികള്‍. ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട ശേഷമാണ് താരം മുണ്ടും ഷാളുമണിഞ്ഞ ചിത്രം പങ്കുവെച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നത്. ഇതോടെ താരത്തിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നിറഞ്ഞു.

‘ഓണം ഒക്കെ കഴിഞ്ഞു, അടുത്ത വര്‍ഷം വാ’ എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍, ‘പാതാളത്തില്‍ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ടുവരേണ്ടിവരുമല്ലോ’ എന്ന് വേറെ ചിലര്‍ തമാശയായി ചോദിച്ചു. കഴിഞ്ഞ വര്‍ഷം ഓണം സെപ്റ്റംബര്‍ 14-ന് ആയിരുന്നെന്നും, അതനുസരിച്ച് സോഷ്യല്‍ മീഡിയ മാനേജര്‍ പോസ്റ്റ് ഷെഡ്യൂള്‍ ചെയ്തതാണെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ‘ഇത്ര പെട്ടെന്ന് ഇടണോ? ഇനിയും ഒരു വര്‍ഷം കൂടിയുണ്ടല്ലോ’ എന്നും കമന്റുകള്‍ വന്നു. ‘അടുത്ത വര്‍ഷത്തേക്കുള്ള ആശംസകള്‍ ഇപ്പോള്‍ തന്നെ പറഞ്ഞതാണ്’ എന്ന് ചിലര്‍ തമാശ രൂപേണ സൂചിപ്പിച്ചു. നെറ്റ് സ്ലോ ആയതുകൊണ്ടാണ് ആശംസ വൈകിയതെന്നും, ഇത് ഇടുക്കിയിലെ ജിയോ സിം ഉപയോഗിക്കുന്ന ആളാണോയെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.

ട്രോളുകള്‍ക്കിടയിലും ചിലര്‍ ബച്ചനെ അനുകൂലിച്ചും രംഗത്തെത്തി. ചിലര്‍ ‘കേരളത്തിന് പുറത്ത് ഓണം ആഘോഷം ഒരു മാസത്തോളം ഉണ്ടാവും’ എന്ന് ചൂണ്ടിക്കാട്ടി. ഒമാന്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഓണം ഇന്നാണെന്നും ഒരാള്‍ കമന്റ് ചെയ്തു. വൈകിയെങ്കിലും ആശംസകള്‍ക്ക് നന്ദി പറഞ്ഞും അടുത്ത ഓണത്തേക്ക് ഇത് വരവ് വെച്ചുകൊണ്ടും ചിലര്‍ പോസ്റ്റിനോട് പ്രതികരിച്ചു. അതേസമയം, മലയാളത്തില്‍ അല്ലാതെ ഇംഗ്ലീഷില്‍ മറുപടി നല്‍കാന്‍ ചിലര്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതും കാണാമായിരുന്നു.