വെള്ളിത്തിരയിലെ ഇതിഹാസമായ ബിഗ് ബിക്ക് ഇന്ന് 78മത് ജന്മദിനം. എഴുപത്തി എട്ടിന്‍റെ നിറവിലും പ്രായം തളർത്താത്ത മനസിന്‍റെ ഉടമയായ അമിതാബ് ബച്ചൻ അടുത്തിടെയാണ് കൊവിഡ് മുക്തനായത്. അതേസമയം അന്നും ഇന്നും ആശംസകളും പ്രാര്ഥനകളുമായ് വമ്പൻ ആരാധകലോകവും ബിഗ്ബിക്ക് ഒപ്പമുണ്ട്.
ചടുലമായ ആക്ഷൻ രംഗങ്ങളിൽ തുടങ്ങി മികവുറ്റ വേഷങ്ങളിലൂടെയും ഉജ്വല മേക്കോവർ നടത്തിയും ആരാധകരെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസം തന്നെയാണ് ബോളിവുഡിന്‍റെ സ്വന്തം ബിഗ്ബിയായ നടൻ അമിതാബ് ബച്ചൻ. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബർ 11-ന് ഉത്തർപ്രദേശിലെ അലഹബാദിൽ ആയിരുന്നു ജനനം. 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. തുടർന്ന് മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1973-ലെ സഞ്ജീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. തുടർന്ന് 1975-ൽ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. ഷോലെയിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്.
https://www.youtube.com/watch?v=1T8G_d5o5Gs
തുടർന്ന് പുറത്തിറങ്ങിയ അമർ അക്ബർ ആന്‍റണി, ദോസ്തി, കൂലി, ഡോൺ എന്നീ ചിത്രങ്ങളും വമ്പൻ ഹിറ്റുകയായി. നിരവധി ചിത്രങ്ങളിൽ അമിതാബ് ബച്ചന്‍റെ അഭിനയ പാടവം തുറന്നു കാട്ടിയ വ്യത്യസ്ത കഥാപാത്രങ്ങൾ ഇന്നും ആരാധകർ നെഞ്ചേറ്റുന്നവയാണ്. 1990-ൽ പുറത്തിറങ്ങിയ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അഭിനയ ജീവിതത്തിന് പിന്നാലെ രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1982 ൽ പത്മശ്രീയും 2001 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.
സിനിമയെക്കൂടാതെ തന്നെ ടെലിവിഷൻ, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിലും ബച്ചൻ സജീവസാന്നിധ്യമാണ്. ഹിന്ദി ടെലിവിഷൻ ഷോയായ കോൻ ബനേഗ കരോർപതി എന്ന പരിപാടിയുടെ വൻ വിജയം ബച്ചനെ മിനിസ്‌ക്രീനിലും തരംഗമാക്കി.
https://www.youtube.com/watch?v=a9H7y86k9sw
2010-ൽ പുറത്തിറങ്ങിയ പാ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം കരസ്ഥമാക്കി. 2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാളചിത്രത്തിലും ബച്ചൻ അഭിനയിച്ചു.
നിലവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുതിർന്ന, ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. എന്നാൽ മഹാമാരിയുടെ അലയടികൾ ബച്ചൻ കുടുംബത്തെയും തേടിയെത്തി തുടർന്ന് അടുത്തിടെയാണ് താരവും കുടുംബവും കോവിഡി മുക്തിനേടിയത്. അതേസമയം അന്നും ഇന്നും തങ്ങളുടെ പ്രിയ ബിഗ്ബിക്കായി ആരാധകരും സിനിമാപ്രേമികളും ബച്ചന് ഒപ്പമുണ്ട്. അതേസമയം പ്രായം തളർത്താത്ത മനസുമായി വീണ്ടും വെള്ളിത്തിരയിലേക്ക് ബച്ചന്റെ വമ്പൻ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം