‘അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നു’ – കെ.സി. വേണുഗോപാല്‍

Jaihind News Bureau
Wednesday, December 10, 2025

ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുണ്ടായ വാക്‌പോരില്‍ എഐസിസി് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ശക്തമായി പ്രതികരിച്ചു. അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞതാണെന്നും, ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നതിന് തുല്യമാണ് അദ്ദേഹത്തിന്റെ നിലപാടെന്നും കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം പരാതികള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ കമ്മീഷന് കൂടുതല്‍ സംരക്ഷണം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി വിജയിച്ച തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് തങ്ങളെ ചോദ്യം ചെയ്യരുതെന്ന അമിത് ഷായുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ചോര്‍ച്ചാ വിഷയം ഉയര്‍ത്തിക്കൊണ്ട് ഡിസംബര്‍ 14-ന് ദില്ലിയില്‍ കോണ്‍ഗ്രസ് ഒരു വലിയ റാലി നടത്തുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.

വോട്ടര്‍ പട്ടിക പരിഷ്‌കരണ ചര്‍ച്ചയുടെ മറുപടിക്കിടെയായിരുന്നു ലോക്സഭയില്‍ അമിത് ഷായും രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ‘വോട്ട് കൊള്ള’ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ പ്രചാരണം, രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ വോട്ടിനു വേണ്ടിയാണെന്ന് അമിത് ഷാ ആരോപിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതിക്കൊടുത്ത് പ്രസംഗം തയ്യാറാക്കുന്നവരാണ് രാഹുല്‍ ഗാന്ധിയെ അപമാനിതനാക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു. അമിത് ഷായെ പുറത്ത് സംവാദത്തിന് വെല്ലുവിളിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍, മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.