അമിത്ഷായുടെ അംബേദ്കർ പരാമർശം; രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം, കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

Jaihind Webdesk
Tuesday, December 24, 2024

 

തിരുവനന്തപുരം: ഭരണഘടനാ ശിൽപിയായ ഡോ.ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തം.

കണ്ണൂർ കളക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചില്‍ കലക്ട്രേറ്റ് കവാടത്തിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം എഐസിസി അംഗം വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. മാർച്ചിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ഇന്ത്യൻ പ്രസിഡണ്ടിന് നൽകുന്നതിന് ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മിന് കൈമാറി.

അതേസമയം കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിസിസിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് കലക്ടറേറ്റിലേക്കുള്ള മാർച്ചിനും ധർണക്കും അധ്യക്ഷത വഹിച്ചു.  കണ്ണൂർ കളക്ടറേറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തി.

സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി വയനാട്ടിലും സമരം നടന്നു. അമിത് ഷാ രാജിവെക്കും വരെ സമരം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു. ധർണ്ണക്ക് ശേഷം ഭാരവാഹികൾ കലക്ടറെ കണ്ട് രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറി. കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി. ജെ ഐസക്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് പി.പി ആലി, ഓവി അപ്പച്ചൻ കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും ബ്ലോക്ക് മണ്ഡലം ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.

മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കെപിസിസി രാഷട്രീയ കാര്യസമിതി അംഗം എ. പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പർ അഡ്വ ഫാത്തിമ റോഷ്‌ന, കെപിസിസി മെമ്പർമാരായ വി. മധുസൂദനൻ, വിഎസ്എൻ നമ്പൂതിരി, ഡിസിസി ഭാരവാഹികൾ ദളിത്‌ കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.