തലശേരി : തലശേരിയിലെ എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിലൂടെ ബിജെപി നേരിടുന്നത് അപ്രതീക്ഷിത പ്രതിസന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 25 ന് മണ്ഡലത്തില്‍ പ്രചാരണത്തിനെത്താനിരിക്കെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതാണ് തിരിച്ചടിയായത്. ബിജെപി ജില്ലാ സെക്രട്ടറി എന്‍ ഹരിദാസിന്‍റെ പത്രികയാണ് തള്ളിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയെങ്കിലും തിരിച്ചടിയായത് ഫോം എയിലുണ്ടായ പിശകാണ്. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍ ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ ഒപ്പുണ്ടായിരുന്നില്ല. സബ് കളക്ടര്‍ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. കെ.പി അരവിന്ദാക്ഷനാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി. എ.എന്‍ ഷംസീറാണ് ഇടതുസ്ഥാനാർത്ഥി.