കൊൽക്കത്ത: സിപിഎമ്മിനെ തലോടിയും മമതാ ബാനർജി സർക്കാരിനെ വിമർശിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണമായിരുന്നു ഭേദമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബിജെപിയുടെ സാമൂഹ്യമാധ്യമ, ഐടി വിഭാഗത്തിലെ പ്രവർത്തകർക്കു വേണ്ടിയുള്ള യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമർശം. സിപിഎം-ബിജെപി ബാന്ധവം സജീവ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശമെന്നതാണ് ശ്രദ്ധേയം.
മമതാ ബാനർജിയുടെ നേതൃത്വത്തേക്കാൾ പശ്ചിമ ബംഗാളിലെ സിപിഎം ഭരണത്തിനാണ് അമിത് ഷാ മുൻഗണന നൽകിയത്. അനധികൃത കുടിയേറ്റം, പശുക്കടത്ത് തുടങ്ങിയ പ്രശ്‌നങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ അഭിപ്രായപ്രകടനം. ‘ദീദിയുടെ ഭരണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണം കൂടുതൽ അനുകൂലമായിരുന്നുവെന്ന് ജനങ്ങൾ വിശ്വസിക്കുന്നു’ – 1977 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ സിപിഎമ്മിന്‍റെ 34 വർഷത്തെ ഭരണത്തെ സൂചിപ്പിച്ചുകൊണ്ട് അമിത് ഷാ അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.