ആമിനയ്ക്ക് സ്വപ്നസാഫല്യം ; പ്രിയനേതാവിനെ കണ്ടു ; ചേർത്തുപിടിച്ച് അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, October 21, 2020

 

കല്‍പ്പറ്റ: ആമിനയുടെ ആഗ്രഹം സഫലമായി. തന്‍റെ പ്രിയനേതാവ് രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ടു. കടുത്ത പ്രതിസന്ധികൾക്കിടയിലും പോരാടി ഉന്നത വിജയം വരിച്ച ആമിനയെ രാഹുല്‍ ഗാന്ധി ചേർത്തുപിടിച്ച് അഭിനന്ദിച്ചു.  രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങള്‍ ചേർത്തുവെച്ച സമ്മാനവും രാഹുല്‍ ഗാന്ധിക്ക് കൈമാറി. കൊല്ലത്തും നിന്നും വയനാട് എത്തിയത് ആമിന തന്‍റെ മോഹം സഫലമാക്കിയത്. ആമിനയുടെ ആഗ്രഹം അറിഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

ആമിനയുടെ മനക്കരുത്തും വെല്ലുവിളികളെ മനസ്ഥൈര്യത്തോടെ നേരിടാനുള്ള ധൈര്യവും ചെറിയ പ്രതിസന്ധികളിൽ പോലും പതറിപ്പോവുന്നവർക്ക് പ്രചോദനമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘ഒരു ഭാഗത്ത് ശരീരം തളർന്നു കിടക്കുന്ന പിതാവ്, കുടുംബ പ്രാരാബ്ധം മാറ്റാൻ പ്രവാസിയായി ജോലി ചെയ്യുന്ന മാതാവ്. കൂടാതെ ഒരു കൈയ്ക്ക് ജന്മനാ സ്വാധീനക്കുറവും. ഈ പ്രതിസന്ധികളെ  തരണം ചെയ്താണ് ആമിനയെന്ന മിടുക്കിക്കുട്ടി നീറ്റ് പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം നേടിയത്. ആമിനയുടെ ആഗ്രഹം ഞാൻ കഴിഞ്ഞ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഇന്ന് ആമിനയുടെ ആ വലിയൊരാഗ്രഹം യാഥാർഥ്യമായി. ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും പോരാടി ഉന്നത വിജയം വരിച്ച ആമിനയെന്ന കൊച്ചു മിടുക്കിയെ ശ്രീ രാഹുൽ ഗാന്ധി നേരിട്ട് കണ്ടു അഭിനന്ദിച്ചു. ആമിനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. രാഹുൽ ഗാന്ധിയുടെ പ്രചോദനം നിറഞ്ഞ വാക്കുകൾ ഈ കൊച്ചു മിടുക്കിയെ ഇനിയും ദൂരങ്ങൾ താണ്ടാൻ പ്രാപ്തയാക്കുമെന്നുറപ്പ്’ -കെ.സി വേണുഗോപാല്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെപിസിസി ജനറല്‍ സെക്രട്ടറി സി.ആർ മഹേഷ് തുടങ്ങിയ നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.