സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ച എ സമ്പത്തിന് സർക്കാർ ചെലവിൽ യാത്രാബത്ത. സമ്പത്തിന്റെ യാത്രകൾക്കായി സർക്കാർ അനുവദിച്ച് നൽകിയത് ഒന്നര ലക്ഷം രൂപയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിനുപിന്നാലെയാണ് സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. നിയനം തന്നെ വിവാദമായതോടെ നിയമന ഉത്തരവിൽ യാത്രാബത്തയെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ധൂർത്ത് തുടരുന്നത്.
എ സമ്പത്തിന് യാത്രാബത്തയായി സർക്കാർ അനുവദിച്ചു നൽകിയത് ഒന്നര ലക്ഷം രൂപയാണ്. സമ്പത്ത് സമർപ്പിച്ച യാത്ര ബിൽ ഡൽഹി റെസിഡൻസ് കമ്മീഷണറാണ് പൊതുഭരണ വകുപ്പിന് കൈമാറിയത്. പൊതുഭരണ വകുപ്പ് ബില്ല് ധനകാര്യവകുപ്പിലേക്ക് പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും വിമാനത്തിൽ സഞ്ചരിച്ചതിന്റെ വകയിലും മറ്റ് യാത്രകളുടെ പേരിലുമാണ് ഒന്നരലക്ഷം രൂപ ധനകാര്യ വകുപ്പ് അനുവദിച്ചു നൽകിയത്. സമ്പത്തിനായി പ്രത്യേക വാഹനവും 2 അസിസ്റ്റന്റുമാരെയും ഒരു ഓഫീസ് അസിസ്റ്റന്റിനെയും അനുവദിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ ധൂർത്തിന്റെ പുതിയ തെളിവുകൾ പുറത്തു വരുന്നത്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന വിശദീകരണത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സർക്കാർ സമ്പത്തിനെ നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്യുന്നതിന് പോലും സമ്പത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ സമ്പത്തിന്റെ നിയമനത്തിന്റെ ആവശ്യകത വീണ്ടും ചര്‍ച്ചയായിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ എന്തിന് വേണ്ടിയായിരുന്നു ഇത്തരത്തിലൊരു നിയമനം എന്നതാണ് ഉയരുന്ന ചോദ്യം.