ചത്തീസ്ഗഢിലെ ബെമേത്രയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിന് അരികിൽ നിന്ന് ലാപ്‌ടോപ്പുമായി ബി.എസ്.എഫ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. ഡിസംബർ 12 ന് വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് സംഭവം.
ചൊവ്വാഴ്ച്ച വൈകിട്ടാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടിയത്. മോട്ടിംഗ് മെഷീനിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന് വിവരം കിട്ടിയ കോൺഗ്രസ് പ്രവർത്തകർ മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന്‍റെ പരിസരത്ത് എത്തിയപ്പോഴാണ് ലാപ്‌ടോപ്പുമായി നിലയുറപ്പിച്ച ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ സംശയം തോന്നിയ പ്രവർത്തകർ പി.സി.സി പ്രസിഡന്‍റ് ബുപേഷ് ബാഗേലിനെയും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അവിനാശ് രാഘവിനെയും സംഭവമറിയിച്ചു. കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടറെ എസ്.പി എച്ച്. ആർ മനോഹർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ലാപ്‌ടോപ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പ് നൽകി. തെരെഞ്ഞെടുപ്പിലെ പരാജയഭീതി മൂലം നിരവധി ഇടങ്ങളിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടി ബി.ജെ.പി രംഗത്തുണ്ടെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ സംശയകരമായ സാഹചര്യത്തിൽ അറസ്റ്റിലായത്.