കൊവിഡ് കുതിപ്പ് തുടരുന്നു ; സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍

Jaihind Webdesk
Thursday, August 5, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുന്നതിനിടെ ഇന്ന് കൂടുതൽ മേഖലകൾക്ക് ഇളവുകൾ നിലവിൽ വന്നു. തിരക്ക് ഒഴിവാക്കാൻ എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. ഞായറാഴ്ചകളിൽ മാത്രം വാരാന്ത്യ ലോക്ക്ഡൗൺ തുടരും.

സംസ്ഥാനത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 11 ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം രണ്ടാം ഘട്ടത്തിൽ അതിതീവ്രമായിത്തന്നെ തുടരുന്നു. അതേസമയം ഇന്ന് മുതൽ കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ തുടങ്ങിയവ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കും. തിരക്ക് ഒഴിവാക്കാൻ എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിപ്പിക്കാം.

ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഓൺലൈൻ ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും. പൊതു, സ്വകാര്യ വാഹനങ്ങൾക്ക് കർശന കൊറോണ പ്രോട്ടോക്കോൾ പാലിച്ച് സഞ്ചാരം അനുവദിക്കും. മത്സര പരീക്ഷകൾ, റിക്രൂട്ട്‌മെന്‍റുകൾ, സർവകലാശാല പരീക്ഷകൾ, സ്‌പോർട്‌സ് ട്രയൽ തുടങ്ങിയവ അനുവദിക്കും. അതേസമയം എട്ടാംതീയതി ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. രോഗവ്യാപനം കൂടുന്ന സ്ഥലങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

പൊതുപരിപാടികൾ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ഒത്തുചേരലുകൾ തുടങ്ങിയവ അനുവദിക്കില്ല. പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹവും ശവസംസ്‌കാര ചടങ്ങും അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി 40 പേരെ അനുവദിക്കും. നിയന്ത്രണങ്ങൾക്കൊപ്പം കൂടുതൽ ഇളവുകളും നിലവിൽ വരുന്നത് ഓണമടുത്ത സാഹചര്യത്തിൽ തിരക്കിന് ഇടയാക്കാനും സാധ്യത ഉണ്ട്. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനം ശക്തമാക്കിയില്ലെങ്കിൽ മൂന്നാം തരംഗം സംസ്ഥാനത്തിന് താങ്ങാവുന്നതിന് അപ്പുറമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.