വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു

Jaihind Webdesk
Thursday, June 8, 2023

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയും സംഘവും അമേരിക്കയും ക്യൂബയും സന്ദർശിക്കാനായി പുറപ്പെട്ടു. മുഖ്യമന്ത്രിയുടെ പരിപാടിക്കായി അമേരിക്കയിലെ സ്‌പോൺസർഷിപ്പ് പിരിവ് വലിയ വിവാദം ഉയർത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയും സ്പീക്കറും കുടുംബത്തോടൊപ്പം വിദേശയാത്രയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍ ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാ വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ലോക ബാങ്കുമായി വാഷിംഗ്ടണില്‍ ചര്‍ച്ചയുണ്ട്. തുടര്‍ന്ന് ക്യൂബയിലേക്ക് പോകും. വിവാദങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ഇടയിലുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും യാത്രയ്‌ക്കെതിരെ ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

ലോക കേരളസഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വന്‍ തുക പിരിച്ചത് വലിയ വിവാദമായിരുന്നു. താരനിശ മാതൃകയിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപയാണ് പാസിന് ഈടാക്കുന്നത്. വലിയ സ്‌പോൺസർഷിപ്പ് നൽകുന്നവർക്ക് വലിയ അംഗീകാരം നൽകുന്നതാണ് വാഗ്ദാനം. ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് പണപ്പിരിവ് നടത്തിയത്. ഒരു ലക്ഷം യുഎസ് ഡോളറാണ്  (ഇന്ത്യൻ രൂപ 82 ലക്ഷം) ഗോൾഡ് പാസിന് ഈടാക്കുന്നത്. സ്റ്റേജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം, ആഢംബര വാഹനത്തിൽ യാത്ര, 2 സ്വീറ്റ് മുറികള്‍, നോട്ടീസിൽ രണ്ട് പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങൾ. സിൽവർ പാസിന് 50,000 യുഎസ് ഡോളറാണ്. ഇന്ത്യൻ രൂപ 41 ലക്ഷം രൂപ. സ്റ്റേജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം, ആഡംബര വാഹനത്തിൽ യാത്ര, ഒരു സ്വീറ്റ് മുറി, നോട്ടീസിൽ ഒരു പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങൾ. ബ്രോൺസ് പാസിന് യുഎസ് ഡോളർ 25,000 മാണ് ഈടാക്കുന്നത്. ഇന്ത്യൻ രൂപ 20.5 ലക്ഷം രൂപ. വാഗ്ദാനങ്ങൾ സ്റ്റജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം ഒഴികെയുള്ള സിൽവർ പാസിലെ മറ്റ് സൗകര്യങ്ങൾ.