
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് സീറ്റ് നല്കി ചരിത്രപരമായ പ്രഖ്യാപനമാണ് പാര്‍ട്ടി നടത്തിയത്. മൊത്തം 13 സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേരത്തെ 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
പോത്തന്‍കോട് ഡിവിഷനിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക. കേരളത്തില്‍ ആദ്യമായാണ് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാക്കളും പ്രമുഖരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ പൂവച്ചല്‍ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറ ഡിവിഷനില്‍ ജനവിധി തേടും.
യുഡിഎഫ് സഖ്യത്തിലെ ഘടകകക്ഷികള്‍ മത്സരിക്കുന്ന ഡിവിഷനുകളും പ്രഖ്യാപിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാവായിക്കുളം ഡിവിഷനില്‍ ആര്.എസ്.പി.യും കണിയാപുരം ഡിവിഷനില്‍ മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്.