DONALD TRUMP| പാകിസ്ഥാനുമായി എണ്ണക്കരാറില്‍ ഒപ്പിട്ട് അമേരിക്കയുടെ നിര്‍ണായക നീക്കം; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Jaihind News Bureau
Thursday, July 31, 2025

 

പാകിസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിന് യുഎസുമായി കരാറിലെത്തിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം ഏത് അമേരിക്കന്‍ കമ്പനിയാകും ഇക്കാര്യത്തിന് മുന്‍കൈയെടുക്കുകയെന്നതില്‍ തീരുമാനമായില്ല. കരാര്‍ നിലവില്‍ വരുന്നതോടെ എന്നെങ്കിലും ഒരിക്കല്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധികത്തീരുവ ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാക്കിസ്ഥാനുമായി കരാറിലെത്തിയ വാര്‍ത്ത ട്രംപ് പുറത്തുവിട്ടത്.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിര്‍ത്തിരുന്നു. ‘എണ്ണപ്പാടങ്ങളുടെ വികസനത്തിനായി പാകിസ്ഥാനും അമേരിക്കയും കൂട്ടായി പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ പാകിസ്ഥാന് അമേരിക്കയുടെ സഹായമുണ്ടാകും. അതേസമയം, ഏത് കമ്പനിയാകും നേതൃത്വം വഹിക്കുകയെന്നതില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളൂ. ഒരിക്കല്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണവില്‍ക്കില്ലെന്ന് ആര് കണ്ടു?’ എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. പഹല്‍ഗാം ഭീകരാക്രണം, ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന.