സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; അൽ-ഖ്വയ്ദ, ഐഎസ് എന്നീ സംഘടനകൾക്കൊപ്പം സിപിഐ മാവോയിസ്റ്റ് ആറാം സ്ഥാനത്ത്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടത്തിയത് സിപിഐ മാവോയിസ്റ്റെന്നും അമേരിക്ക.

Jaihind News Bureau
Wednesday, November 6, 2019

സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. അൽ-ഖ്വയ്ദ, ഐഎസ് എന്നീ സംഘടനകൾക്കൊപ്പം ആറാം സ്ഥാനത്താണ് സിപിഐ മാവോയിസ്റ്റ് സംഘടന. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടത്തിയത് സിപിഐ മാവോയിസ്റ്റെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിപിഐ മാവോയിസ്റ്റ് സംഘടന ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സംഘടനയെന്നാണ് അമേരിക്കയുടെ റിപ്പോർട്ട്. 2018 ൽ 311 പേരെ സംഘടന വധിച്ചെന്നാണ് യു എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചത്. രാജ്യത്ത് മാവോയിസ്റ്റുകൾ 178 ആക്രമണങ്ങളാണ് നടത്തിയത. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടുന്ന ലോകത്തിലെ
നാലാമത്തെ രാജ്യമാണ് ഇന്ത്യ. കേരളത്തിനെ സംബന്ധിച്ച് മാവോയിസ്റ്റ് ആക്രമത്തെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്ക ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

താലിബാനെയാണ് പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഎസ്, അൽ ഷഹാബ് (ആഫ്രിക്ക) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ജമ്മു കശ്മീരിൽ നിന്ന് മാത്രമാണ് 57 ശതമാനം തീവ്രവാദ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ ആഭ്യന്തരമന്ത്രാലയത്തിൻറെ കണക്കനുസരിച്ചാകട്ടെ ഇത് 833 ആക്രമണങ്ങളിലായി 240 മരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. ഇന്ത്യയിൽ കഴിഞ്ഞ വർഷം മാത്രം തീവ്രവാദ ആക്രമണങ്ങളിൽ 971 ആളുകൾ കൊല്ലപ്പെട്ടെന്നാണ് അമേരിക്കയുടെ റിപ്പോർട്ടിൽ പറയുന്നത്.