റൂള്‍സ് ഓഫ് ബിസിനസ്സ് ഭേദഗതി സ്വേച്ഛാധിപത്യത്തിനും ഉദ്യോഗസ്ഥ ദുര്‍ഭരണത്തിനും കാരണമാകും. ജി.ദേവരാജന്‍

Jaihind News Bureau
Saturday, October 10, 2020

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളോടു കൂടിയ പൊതുഭരണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്  സ്വേച്ഛാധിപത്യത്തിനും ഉദ്യോഗസ്ഥ ദുര്‍ഭരണത്തിനും കാരണമാകുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ അവകാശങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും ഭരണഘടന പ്രകാരം അധികാരമേല്‍ക്കുന്ന മന്ത്രിമാരുടെ അവകാശങ്ങള്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നത് ബ്യൂറോക്രസിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും. ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന അഴിമതികളുടെ പൊള്ളുന്ന അനുഭവങ്ങളില്‍ നിന്നും ഒരു ഇടതുപക്ഷ മുഖ്യമന്ത്രി പാഠം പഠിക്കാത്തത് ആശ്ചര്യകരമാണ്. എല്ലാക്കാലത്തും സിപിഎമ്മല്ല കേരളത്തില്‍ അധികാരത്തില്‍ വരുന്നതെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കണം.

പുതുതായി മൂന്നാം ഷെഡ്യൂള്‍ കൂട്ടിച്ചേര്‍ത്ത്, മന്ത്രിസഭ അറിയാതെ പി.എസ്.സി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ഉന്നത തലത്തിലെ നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന ഭേദഗതി രാജ്യത്ത് ഒരു സംസ്ഥാനത്തും നിലനില്‍ക്കുന്ന ഒന്നല്ല. ഭരണ വേഗത്തിനും ക്ഷേമ പ്രവര്‍ത്തന വ്യാപനത്തിനും അധികാര വികേന്ദ്രീകരണമാണ് വേണ്ടതെന്ന് വാദിച്ചിരുന്ന കേരളാ സിപിഎം, പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.