തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര, കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ നാവായിക്കുളത്താണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം കണ്ടെത്തിയത്.
അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്നാണ് യുവതി ആരോഗ്യ പ്രവർത്തകരെ അറിയിച്ചത്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയാണ് രോഗികൾക്ക് നൽകുന്നത്. രോഗം ബാധി ച്ച് നെയ്യാറ്റിൻകര കണ്ണറവിളി പൂതംകോട് സ്വദേശി അഖിൽ കഴിഞ്ഞ മാസം 23നാണ് മരിച്ചത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 5 പേർക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവിൽകുളത്തിൽ കുളിച്ചവരായിരുന്നു. ഇതിനു പിന്നാലെയാണ് പേരൂർക്കട മണ്ണാമൂല സ്വദേശിയ്ക്കു രോഗബാധ കണ്ടെത്തിയത്.