കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി റംല (52), ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ് റംല. നിലവില്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് എട്ട് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയില്‍ തുടരുന്നുണ്ട്.
രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗം ചെറുക്കുന്നതിനായി എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും. വെള്ളത്തിലൂടെയാണ് അമീബിക് മസ്തിഷ്‌ക ജ്വരം പകരുന്നത്.