കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. ഇതില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് ബത്തേരി സ്വദേശിക്കാണ്. താമരശ്ശേരിയില്‍ അടുത്തിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ ഏഴ് വയസ്സുകാരനായ സഹോദരനും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.
ബാലരാമപുരം സ്വദേശി എസ്.എ. അനില്‍ കുമാര്‍ പനി ബാധിച്ച് 12 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചത് മസ്തിഷ്‌ക ജ്വരം കാരണമാണോ എന്ന് സംശയിക്കുന്നുണ്ട്. എങ്കിലും, അന്തിമ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. കാലിലെ മുറിവിലൂടെ ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലും ഇദ്ദേഹം ചികിത്സയിലായിരുന്നു. ഏഴ് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലുമായിരുന്നു. അണുബാധയുടെ കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ വീട്ടിലെയും പരിസരങ്ങളിലെയും ജലാശയങ്ങളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.