Amoebic Meningoenciphalitis| സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്‌കജ്വരം: അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; തലസ്ഥാനത്ത് ആശങ്ക

Jaihind News Bureau
Friday, October 17, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയര്‍ത്തി അഞ്ച് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരും തിരുവനന്തപുരം സ്വദേശികളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ഇതുവരെ 25 പേര്‍ മരിച്ചു. ആനാട്, മംഗലപുരം, പോത്തന്‍കോട്, രാജാജി നഗര്‍, പാങ്ങപ്പാറ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നെഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ തുടങ്ങിയ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗാവസ്ഥയ്ക്ക് കാരണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. വെള്ളം കുടിച്ചാല്‍ രോഗാണുക്കള്‍ പ്രവേശിക്കില്ല. പകരം, വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍, അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുള്ള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാക്കുകയും ചെയ്യും. ഈ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗം പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. രോഗബാധയുണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

നിലവില്‍ രോഗത്തിന് കൃത്യമായ ചികിത്സ ലഭ്യമല്ല. മരണ സാധ്യത കൂടുതലായതിനാല്‍ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ചികിത്സയില്‍ നടത്തുന്നത്.