സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്ക ജ്വരം. ഇന്നലെ മാത്രം നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ ആകെ 20 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പത്തു മാസത്തിനിടെ രോഗം ബാധിച്ച് 25 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗികള്‍ അധികവും തെക്കന്‍ കേരളത്തിലാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് സ്വദേശിയായ 62 കാരന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നാല് പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഭൂരിഭാഗം പേരിലും രോഗവ്യാപനം എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സാധാരണയായി, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുകയോ നീന്തുകയോ ചെയ്യുന്നവരിലാണ് രോഗം കണ്ടുവരാറ്. 97 ശതമാനത്തിലധികം മരണനിരക്കുള്ള മാരക രോഗമാണെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.