കൊളംബിയ: വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികള്‍ക്ക് അത്ഭുതകരമായ അതിജീവനം. 40 ദിവസങ്ങൾക്കുശേഷം കുട്ടികളെ ജീവനോടെ കണ്ടെത്തി. ‘മാന്ത്രിക ദിന’മെന്നാണ് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ വിശേഷിപ്പിച്ചത്.
ഏഴു പേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന-206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോൺ വനാന്തരഭാഗത്ത് തകർന്നുവീണത്. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽ വെച്ച് തകരുകയായിരുന്നു. അപകടത്തില്‍ പതിമൂന്ന്, ഒമ്പത്, നാല്, 11 മാസം പ്രായമുള്ള കുട്ടികളെയാണ് കാണാതാവുകയായിരുന്നു. കുട്ടികളുടെ അമ്മയുടെയും ബന്ധുവിന്‍റെയും പൈലറ്റിന്‍റെയും മൃതദേഹം കണ്ടെടുത്തിരുന്നു. വിമാനാപകടം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷം കുട്ടികളെ അത്ഭുതകരമായി കണ്ടെത്തുകയായിരുന്നു. കൊളംബിയൻ സൈന്യം ഉൾപ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാദൗത്യത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ലെസ്‍ലി (13), സൊളേമി (9), ടിൻ നൊറിൽ (4), ക്രിസ്റ്റിൻ (11 മാസം) എന്നീ കുഞ്ഞുങ്ങളാണ് ആമസോണ്‍ വനത്തില്‍ 40 ദിവസം കഴിച്ചുകൂട്ടിയത്.
‘രാജ്യത്തിനാകെ സന്തോഷം നൽകുന്ന കാര്യം! നാല്‍പത് ദിവസം മുമ്പ് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു’ – കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തു. വനത്തില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.