തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം സംവരണം; ഇന്ത്യയെ ബി.ജെ.പി നരകതുല്യമാക്കിയെന്ന് അമര്‍ത്യസെന്‍

Tuesday, January 22, 2019

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്ന് നൊബേല്‍ ജേതാവും ഇന്ത്യക്കാരനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നരകതുല്യമാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക അസമത്വം ഇല്ലാതാക്കാനാണ് സംവരണം നടപ്പിലാക്കുന്നത് . അവിടെ സാമ്പത്തിക സ്ഥിതി ഒരു ഘടകമായി വരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ സംവരണത്തിന് പകരം തൊഴിലവസരങ്ങളാണ് നല്‍കേണ്ടതെന്നും ബി.ജെ.പി നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിനെതിരേ അദ്ദേഹം തുറന്നടിച്ചു.

സ്വാതന്ത്രത്തിന്റെ ആദ്യ കാലങ്ങളില്‍ ജനങ്ങളുടെ മനസ്സിലേക്ക് സംവരണമെന്ന ആശയം കൊണ്ടുവന്നതിന് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, എന്നാല്‍ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാര്‍ അതിന് എതിരാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് സംവരണം തുടരാന്‍ അനുവദിക്കുന്നതെന്നും ചോദിച്ചു.