‘സുധാകരന്‍ ശ്രദ്ധിച്ചുകാണില്ല, ഉത്തരവാദികള്‍ കരാറുകാരും എഞ്ചിനീയര്‍മാരും’ ; വിവാദമായതിനു പിന്നാലെ ന്യായീകരിച്ച് ആരിഫ്

Jaihind Webdesk
Saturday, August 14, 2021

ആലപ്പുഴ : ചേര്‍ത്തല-അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതി വിവാദമായതിനുപിന്നാലെ ജി.സുധാകരനെ ന്യായീകരിച്ച് എ.എം ആരിഫ് എം.പി. ഇക്കാര്യങ്ങള്‍ സുധാകരന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ലെന്നും കരാറുകാരും എഞ്ചിനീയര്‍മാരുമാണ് ഉത്തരവാദികളെന്നാണ് ആരിഫിന്റെ ന്യായീകരണം.

ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച്  വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു എംപിയുടെ പരാതി. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനാണ് ആരിഫ് കത്തയച്ചത്.

2019ലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം നടന്നത്. അന്ന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെന്നാണ് എഎം ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആരിഫ് ആവശ്യപ്പെട്ടു.