ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും ചട്ടവിരുദ്ധ നിയമനം; യോഗ്യതയില്ലാത്തയാളെ പ്രായപരിധി കഴിഞ്ഞും ഡയറക്ടറായി നിയമിച്ചുവെന്ന് ആരോപണം

Jaihind News Bureau
Wednesday, July 22, 2020

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസിറ്റിറ്റ്യൂട്ട് ഡയറക്ടറെ ചട്ടവിരുദ്ധമായി നിയമിച്ചതായി ആരോപണം. യോഗ്യതയില്ലാത്തയാളെ പ്രായപരിധി കഴിഞ്ഞും നിയമിച്ചു എന്ന് ആരോപിച്ച് കെ പി സി സി മൈനോറിറ്റി ഡിപാർട്ട്മെന്‍റ് സംസ്ഥാന കോഡിനേറ്റർ രംഗത്ത് വന്നു. സഹകരണ വകുപ്പിലും ടൂറിസം വകുപ്പിലുമുള്ള സ്ഥാപനങ്ങളിൽ ഓരേ സമയം പ്രധാന ചുമതലകൾ നൽകിയെന്നും ആരോപണം ഉണ്ട്.

സഹകരണ വകുപ്പിന് കീഴിലുള്ള ടൂർ ഫെഡിന്‍റെ എം ഡി ആയിരിക്കെയാണ് ഫുഡ് ക്രാഫ്റ്റിൽ നിന്ന് 2011ൽ വിരമിച്ച ഷാജി മാധവനെ ഫുഡ് ക്രാഫ്റ്റിന്‍റെ തന്നെ ഡയറക്ടറായി 2018 ൽ നിയമിക്കുന്നത്. അധിക ബാധ്യതവരാതെ ടൂറിസം വകുപ്പിലെ ജോയിന്‍റ് സെക്രട്ടറി റാങ്കിൽ കുറയാത്ത യോഗ്യതയുള്ളവരെയാണ് ഡയറക്ടറായി നിയമിക്കേണ്ടതെന്നാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ബൈലോ. നാൽപതിനായിരത്തോളം രൂപയോളം അനുകൂല്യങ്ങൾ നൽകിയാണ് നിയമനം. എം ശിവശങ്കരൻ ടൂറിസം ഡയറ്കടറായിരിക്കെ ബേക്കൽ റിസോർട്ട് ഡെവലപ്മെന്‍റ് എം ഡി.യായി നിമയിച്ച ഷാജി മാധവൻ നാല് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. കെൽപാമിന്‍റെ ഡയറക്ടറായിരിക്കെ വിജിലൻസ് കേസുകളിലും പ്രതിയായ ഒരാളെയാണ് ഫുഡ്ക്രാഫ്റ്റിന്‍റെ ഡയറക്ടറായി നിയമിച്ചത്.

ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാഭ്യാസ രംഗത്ത് പതിമൂന്ന് സ്ഥാപനങ്ങളുള്ള ഫുഡ്ക്രാഫ്റ്റിലെ ചില സെന്‍ററുകളിൽ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതപോലും ഇല്ലാത്തവരെയാണ് ഇൻസട്രക്ട്രർ, ഡെമോൺസ്ട്രേറ്റർമാരായി നിയമിച്ചതെന്നും ആരോപണം ഉണ്ട്. ഇദ്ദേഹത്തെ നേരത്തെ കളമശ്ശേരി ഫുഡ് ക്രാഫ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രിൻസിപ്പലായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെയാണു് നിയമിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്.

https://youtu.be/KwQJLnvixWE