പെഗാസസ് ഗുരുതര വിഷയമെന്ന് സുപ്രീം കോടതി ; ഹർജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

Thursday, August 5, 2021

 

ന്യൂഡല്‍ഹി : പെഗാസസ്‍ ഫോണ്‍ ചോർത്തല്‍ ഗുരുതരമായ വിഷയമെന്ന് സുപ്രീം കോടതി. പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ നിരവധി ഉന്നതരുടെ ഫോണ്‍ ചോർത്തിയ വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഹർജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

പുറത്തുവരുന്ന മാധ്യമറിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ പെഗാസസ് ഫോണ്‍ ചോർത്തല്‍ ഗുരുതരമായ വിഷയമാണ് – സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്. സത്യം പുറത്തുവരേണ്ടതുണ്ടെന്നും ആരുടെയൊക്കെ പേരുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത് എന്നത്  അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എൻ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് തുടങ്ങിയവരുടെ  ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പെഗാസസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രം വെളിപ്പെടുത്തണമെന്നും ആരുടെയൊക്കെ ഫോണുകളാണ് ഇത്തരത്തില്‍ ചോർത്തപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.

എൻഎസ്ഒ പെഗാസസ് ചാരസോഫ്റ്റ്‍വെയർ വിൽക്കുന്നത് സർക്കാർ ഏജൻസികൾക്ക് മാത്രമാണെന്ന് എൻ റാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. പെഗാസസില്‍ കരാറില്‍ കേന്ദ്രം എത്തിപ്പെട്ടത് എങ്ങനെ? ഇതിനായി പണം മുടക്കിയത് ആര്? തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രം വ്യക്തമാക്കണമെന്ന് അഡ്വ. കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഒരു റിപ്പബ്ലിക്ക് എന്ന നിലയിൽ രാജ്യത്തിന്റെ അസ്ഥിത്വത്തിന് തന്നെ ഭീഷണിയാണ് പെഗാസസെന്നും സിബൽ വാദിച്ചു. വലിയ സാമ്പത്തിക വിനിയോഗം ഇതിന് വേണ്ടി നടന്നിട്ടുണ്ടെന്നും സിബൽ കോടതിയിൽ ആരോപിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്ര മന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ, 40 പത്രപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള ഫോണ്‍ ചോർത്തിയതായാണ് പുറത്തുവന്ന വിവരം.