വ്യക്തി താൽപര്യങ്ങളെ മുൻനിർത്തിയുള്ള സിപിഎമ്മിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും പ്രതിഷേധമുയരുന്നു. കോർപ്പറേഷൻ ആറാം വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പാർട്ടി അനുഭാവികളുടെ സമ്മർദ്ദത്താൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായ അനുഷ തുളസീന്ദ്രൻ.
കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തികളിലേക്ക് ചുരുങ്ങുമ്പോൾ നിരാശരാവുന്നത് പാർട്ടിയെ സ്നേഹിക്കുന്ന സത്യസന്ധരായ അനുഭാവികളാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ വ്യക്തി താൽപര്യത്തിന് മാത്രം മുൻതൂക്കം നൽകി സ്ഥാനാർഥി നിർണയം നടക്കുന്നതിൽ പാർട്ടി പ്രവർത്തകർക്ക് കടുത്ത അമർഷം ആണുള്ളത്. കോഴിക്കോട് കോർപ്പറേഷൻ ആറാം വാർഡിൽ മത്സരിക്കുന്ന ഇടതുപക്ഷ ഔദ്യോഗിക സ്ഥാനാർത്ഥി കെ.റീജ ചില വ്യക്തികളുടെ മാത്രം താൽപര്യപ്രകാരമാണ് സ്ഥാനാർത്ഥിയായത് എന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്‍റെ ഉറച്ച സീറ്റ് ആയ ഇവിടെ പാർട്ടി പ്രവർത്തകരുടെ സമ്മർദത്തിന് വഴങ്ങി അനുഷ തുളസിന്ദ്രൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഡിവൈഎഫ്ഐ നോർത്ത് ബ്ലോക്ക് കമ്മിറ്റി മെമ്പറും, കുണ്ടുപറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും, കുണ്ടൂപറമ്പ് ഏരിയ മഹിളാ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയും, സിപിഎം കുണ്ടുപറമ്പ് ബ്രാഞ്ച് മെമ്പറുമാണ് അനുഷ.
താൻ എന്നും സഖാവ് തന്നെയാണ്. ജനങ്ങളുടെ താൽപര്യപ്രകാരമാണ് മത്സരിക്കുന്നത്. വ്യക്തി കേന്ദ്രീകൃതമായ സിപിഎം നിലപാടിൽ തനിക്ക് കടുത്ത പ്രതിഷേധം ഉണ്ട്. എങ്കിലും നിലപാടിൽ മാറ്റമില്ല എന്നും അനുഷ പറയുന്നു. എന്നാൽ നാമനിർദേശപത്രിക സമർപ്പിച്ചു മുതൽ പാർട്ടിയിൽ നിന്ന് ഭീഷണി നേരിടേണ്ടി വരുന്നതായും അനുഷ ചൂണ്ടിക്കാട്ടുന്നു.
https://youtu.be/Hj9RqfLDD7Y