ഹോട്ടലില്‍ കള്ളപ്പണമെത്തിയെന്ന ആരോപണം ;സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍,’അങ്ങനെയൊരു സിസിടിവി ദൃശ്യമുണ്ടെങ്കില്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം’

Jaihind Webdesk
Wednesday, November 6, 2024


പാലക്കാട്: പാലക്കാട് ഹോട്ടലില്‍ കള്ളപ്പണമെത്തിയെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഹോട്ടലില്‍ കള്ളപ്പണമെത്തിയെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പണം കടത്താന്‍ ഉപയോഗിച്ചെന്ന് പറയുന്ന നീല ട്രോളി ബാഗ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. പെട്ടിയില്‍ പണം ഉണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നും രാഹുല്‍ പറഞ്ഞു. ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നും കെ.എസ്.യു നേതാവ് ഫെനിയാണ് ബാഗ് കൊണ്ടുവന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാനാണ് കള്ളപ്പണം കൊണ്ടുവന്ന ആരോപണത്തിനെതിരെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ആളാണ് ഫെനിയെന്നും അദ്ദേഹം മുറിയില്‍ വരുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്നും രാഹുല്‍ ചോദിച്ചു. നീല നിറത്തിലുള്ള ട്രോളി ബാഗ് മുന്നില്‍ വെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഞാന്‍ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും ഇറങ്ങുന്നതും സിപിഎം പ്രദര്‍ശിപ്പിക്കട്ടെ. അങ്ങനെയൊരു സിസിടിവി ദൃശ്യമുണ്ടെങ്കില്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാലും ഈ പ്രചാരണം നിര്‍ത്തും. ഹോട്ടലില്‍ സാധാരണ പെട്ടിയുമായാണ് പോകാറുള്ളത്. നീല പെട്ടി എന്റെ വണ്ടിയില്‍ നിന്നാണ് എടുത്തത്. എന്റെ വസ്ത്രങ്ങളാണ് അതില്‍. ബോര്‍ഡ് റൂമില്‍ വെച്ച് പെട്ടി തുറന്നിട്ടുമുണ്ട്. പൊലീസിന് പരിശോധന നടത്താന്‍ പെട്ടി കൊടുക്കാന്‍ തയ്യാറാണ്’- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച കെപിഎം ഹോട്ടലില്‍ പൊലീസ് പരിശോധന തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാത്തത് വിവാദമായിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങള്‍ തേടി പൊലീസ് വീണ്ടും ഹോട്ടലില്‍ എത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ഉദ്യോഗസ്ഥ സംഘം കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിക്കുന്ന മുറിയില്‍ എത്തിയത്. ഉപതെരഞ്ഞെടുപ്പിനായി നീല നിറത്തിലുള്ള ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പരിശോധന. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല.