സാമൂഹിക അടുക്കള നടത്തിപ്പില്‍ സിപിഎം തട്ടിപ്പ്; ചെലവാകാതെ വന്ന തുക നേതാക്കള്‍ തട്ടിയെടുത്തതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Tuesday, June 2, 2020

 

സാമൂഹിക അടുക്കള നടത്തിപ്പിനായി ചെലവാകാതെ വന്ന തുക സിപിഎമ്മുകാര്‍ തട്ടിയെടുത്തതായി ആരോപണം. ഇടതുപക്ഷം ഭരിക്കുന്ന നെടുമ്പാശ്ശേരി പഞ്ചായത്തിലാണ്  തട്ടിപ്പ് നടന്നത്. ചെലവാകാതെ വന്ന തുക നടത്തിപ്പുകാര്‍ വീതിച്ചെടുത്തുവെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

നെടുമ്പാശേരി പഞ്ചായത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണം. സാമൂഹിക അടുക്കളയില്‍ ചെലവാകാതെവന്ന 67200 രൂപയാണ് വീതിച്ചെടുത്തത്. ഇവരില്‍ ഒരാള്‍ ഇതില്‍ നിന്നും പിന്മാറിയതോടുകൂടിയാണ് സംഭവം പുറത്തായത്.

നെടുമ്പാശേരി വിമാനത്താവള കമ്പനിയും സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ അടുക്കളയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇതില്‍ ബാക്കി  വന്ന തുകയാണ് നടത്തിപ്പുകാരായവര്‍ വീതിച്ചെടുത്തത്. സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ തനിക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ബാക്കിയുള്ളവര്‍ തുക വീതംവച്ചുവെന്ന് ആരോപണത്തില്‍ പ്രതിഷേധമുയര്‍ന്നത്. അതേസമയം സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.