ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; ദേശീയപാതാ വിള്ളലില്‍ സമഗ്ര അന്വേഷണം വേണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Jaihind News Bureau
Thursday, May 22, 2025

ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ഇപ്പോള്‍ ആരും തയ്യാറാകുന്നില്ലെന്നും ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറു മഴയില്‍ പോലും വ്യാപകമായ വിള്ളലാണ് ദേശീയപാതയിലുണ്ടായത്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണം. ഇത് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്ക്കരിക്ക് താന്‍ ഇന്ന് കത്തെഴുതുമെന്നും വി ഡി വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്ക് പരസ്യമല്ലാതെ സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് പ്രചരണം നടത്തുന്ന മുഖ്യമന്ത്രിയാണ് പരിഹാസ്യനാകുന്നത്. അതേ സമയം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഓപ്പറേഷന്‍ സിന്ധൂറിന്റെ പേരില്‍ രാജ് ഭവനില്‍ നടത്തിയ പരിപാടിയില്‍ ആര്‍എസ്എസ് നേതാവ് രാഷ്ട്രീയ പ്രസംഗം നടത്തിയത് തെറ്റായ പ്രവണതയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.