‘കള്ളവോട്ടിന് കൂട്ടുനിന്ന എല്ലാവരെയും അറസ്റ്റ് ചെയ്യണം’; സിപിഎമ്മിന്‍റെ പതിവ് കലാപരിപാടിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

Jaihind Webdesk
Friday, April 19, 2024

 

കാസർഗോഡ്: കള്ളവോട്ട് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗണേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്‍. സിപിഎം അവരുടെ പതിവ് കലാപരിപാടി ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് കാര്യമില്ല. ഇതിനു പിന്നില്‍ പ്രവർത്തിച്ച മുഴുവന്‍ പേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് കള്ളവോട്ട് ചെയ്തത്. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തുകയായിരുന്നു. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്യാശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

92 വയസുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്യുകയായിരുന്നു. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തില്‍ യുഡിഎഫ് പരാതി നല്‍കിയതിന് പിന്നാലെ നാലു പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നടപടിയെടുത്തു.