ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം പൂർത്തിയായി, തിരച്ചില്‍ തുടരും; ക്യാമ്പുകളിലേക്ക് ക്യാമറയുമായി കടക്കരുതെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Thursday, August 1, 2024

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവകക്ഷിയോഗം ചേർന്നു. ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ എത്തിക്കാൻ പറ്റാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം പൂർത്തിയായതോടെ യന്ത്രസംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘‘നിലവിൽ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തൽക്കാലം ആളുകളെ ക്യാമ്പിൽ താമസിപ്പിക്കാനാണ് തീരുമാനം. പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കും. ക്യാമ്പ് വിവിധ കുടുംബങ്ങൾ താമസിക്കുന്ന ഇടമാണ്. അതിനാൽ സ്വകാര്യത സംരക്ഷിക്കണം. ക്യാമ്പിനകത്തേക്ക് ക്യാമറയുമായി കടക്കരുത്. ക്യാമ്പുകളിൽ ബന്ധുക്കളെ കാണാൻ വരുന്നവർക്ക് പുറത്ത് റിസപ്ഷൻ പോലുള്ള സംവിധാനം ഒരുക്കും’’– മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദുരന്തബാധിത പ്രദേശത്ത് ജീവനോടെ ഇനിയാരെയും രക്ഷിക്കാൻ ബാക്കിയില്ല. രക്ഷിച്ചെടുക്കാൻ കഴിയുന്നവരെ രക്ഷിച്ചു എന്നാണ് സൈന്യം അറിയിച്ചത്. മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.