കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർവകക്ഷിയോഗം : തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവെക്കാനും ധാരണ ; ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും

തിരുവനന്തപുരം : കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും സർവകക്ഷിയോഗത്തില്‍ ധാരണയായി. സര്‍വകക്ഷിയോഗത്തിന്‍റെ ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തദ്ദേശതെര‍ഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാടെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം.

തദ്ദേശ തെര‍ഞ്ഞെടുപ്പ് നീട്ടി ബദല്‍ മാര്‍ഗം ആലോചിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ ഏകകണ്ഠമായാണ് ധാരണയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്ന് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചവറയില്‍ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടര്‍മാരും കുട്ടനാട്ടില്‍ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടര്‍മാരുമുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടിംഗ് പ്രക്രിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലിയില്‍ വ്യാപൃതരാണ്. മാത്രമല്ല, ഉപതെരഞ്ഞെടുപ്പിന് വലിയ ചെലവും വരും. മേയ് 19ന് കാലാവധി തീരുന്ന നിയമസഭയില്‍ ഏതാനും മാസം മാത്രമെ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നതും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചയായി.

Comments (0)
Add Comment