സര്‍വ്വകക്ഷി പ്രതിനിധി സംഘം: കോണ്‍ഗ്രസ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; മോദി സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് ജയറാം രമേശ്

Jaihind News Bureau
Sunday, May 18, 2025

JayaramRamesh

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ വിദേശത്തേക്ക് അയക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച നാല് പേരില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയും വിലകുറഞ്ഞ രാഷ്ട്രീയക്കളിയുമാണ് ഇത് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

‘മെയ് 16ന് രാവിലെയാണ് പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ വിദേശത്തേക്ക് അയക്കുന്ന പ്രതിനിധി സംഘങ്ങളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കാന്‍ നാല് കോണ്‍ഗ്രസ് എംപിമാരുടെ/നേതാക്കളുടെ പേരുകള്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്,’ ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു. ഈ നാല് പേരുകള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന് മെയ് 16ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി രേഖാമൂലം കൈമാറിയിരുന്നുവെന്നും രമേശ് വ്യക്തമാക്കി. ‘എന്നാല്‍, ഇന്നലെ (മെയ് 17) വളരെ വൈകിയാണ് എല്ലാ പ്രതിനിധി സംഘങ്ങളിലെയും അംഗങ്ങളുടെ പൂര്‍ണ്ണമായ പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശിച്ച നാല് പേരുകളില്‍ ഒന്ന് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്, ഇത് ദുഃഖകരമാണ്, അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ തികഞ്ഞ കാപട്യമാണിത് തെളിയിക്കുന്നത്. ഗുരുതരമായ ദേശീയ വിഷയങ്ങളില്‍ അവര്‍ എല്ലായ്‌പ്പോഴും കളിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങള്‍ നടപ്പാക്കുമെന്നും ജയ്‌റാം രമേശ് ആരോപിച്ചു

ശശിതരൂര്‍ ആനന്ദ് ശര്‍മ, മനീഷ് തിവാരി , അമര്‍സിംഗ് , സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെയാണ് മോദി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ . ഇവരില്‍ ആനന്ദ് ശര്‍മയുടെ പേര് മാത്രമാണ് രാഹുല്‍ ഗാന്ധി നല്‍കിയ ലിസ്റ്റിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ലിസ്റ്റിലുള്‍പ്പെട്ടവര്‍ തീര്‍ച്ചയായും പ്രതിനിധി സംഘത്തോടൊപ്പം പോകുകയും അവരുടെ സംഭാവനകള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ദയനീയമായ നിലവാരത്തിലേക്ക് താഴുകയില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഉന്നതമായ പാരമ്പര്യം എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കും, ബിജെപിയെപ്പോലെ ദേശീയ സുരക്ഷാ വിഷയങ്ങളില്‍ പക്ഷപാതപരമായ രാഷ്ട്രീയം കളിക്കുകയുമില്ല,’ ജയറാം രമേശ് പറഞ്ഞു. പ്രതിനിധി സംഘങ്ങള്‍ക്ക് കോണ്‍ഗ്രസ് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും, ഈ പ്രതിനിധി സംഘങ്ങള്‍, പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരണമെന്നും, 1994 ഫെബ്രുവരി 22ന് അംഗീകരിച്ച പ്രമേയം ആവര്‍ത്തിക്കാനും അതിനുശേഷമുള്ള സംഭവവികാസങ്ങള്‍ വിലയിരുത്താനും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കരുതെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. ബൈജയന്ത് പാണ്ഡ, രവിശങ്കര്‍ പ്രസാദ് (ഇരുവരും ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), ശ്രീകാന്ത് ഷിന്‍ഡെ (ശിവസേന), ശശി തരൂര്‍ (കോണ്‍ഗ്രസ്), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി-എസ്പി) എന്നിവര്‍ നയിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങള്‍ മൊത്തം 32 രാജ്യങ്ങളും ബെല്‍ജിയത്തിലെ ബ്രസല്‍സിലുള്ള യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും സന്ദര്‍ശിക്കും.