ഔറംഗബാദിൽ ട്രെയിൻ കയറി മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മിനിമം 5 ലക്ഷം രൂപ ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കണം: അസംഘടിത തൊഴിലാളി കോൺഗ്രസ്

 

ഔറംഗബാദിൽ ട്രെയിൻ കയറി മരിച്ച 17 കുടുംബങ്ങൾക്കും മിനിമം 5 ലക്ഷം രൂപ ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ്. പാവപ്പെട്ട കുടുംബങ്ങൾക്ക് 10000 രൂപയും അസംഘടിത തൊഴിലാളികൾക്ക് 7500 രൂപ ഡയറക്ട് ട്രാൻസ്ഫർ ചെയ്യണം.  നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 5000 രൂപ പര്യാപ്തമല്ല. ഇത് ബാങ്ക് വായ്പയായി നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന പറഞ്ഞു. തീരുമാനത്തിനെതിരെ ഈ മാസം 7 ന് ഇന്ത്യയിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കും.

അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ പ്രതിനിധി സംഘം മരണപ്പെട്ട തൊഴിലാളികളുടെ  കുടുംബങ്ങൾ സന്ദർശിക്കും. തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനും ഹെൽപ് ലൈൻ എല്ലാ സംസ്ഥാനത്തും 7 മുതൽ ആരംഭിക്കും. കൊവിഡ് പ്രതിരോധ ചട്ടമിളവും യാത്രാ സാഹചര്യവുമായാൽ രാഹുൽ ഗാന്ധി മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾ സന്ദർശിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.  കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തില്‍ ചെയ്യാൻ പറ്റാവുന്ന ധനസഹായം നൽകണമെന്ന് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയോട് യോഗം അഭ്യർത്ഥിച്ചു. ചെയർമാൻ അർബിന്ദ് സിംഗ് അദ്ധ്യക്ഷത വഹിച്ചു. പ്രമേയം ദേശീയ കോർഡിനേറ്റർ അഡ്വ.അനിൽ ബോസ് അവതരിപ്പിച്ചു.

 

 

Comments (0)
Add Comment