പ്രധാന പോസ്റ്റുകളിലെല്ലാം അന്യസംസ്ഥാന ഐ.എ.എസുകാർ ; സർക്കാരിന്‍റെ ‘പ്രത്യേക താല്‍പര്യ’ത്തിന് പിന്നില്‍ ?

Jaihind News Bureau
Sunday, September 20, 2020

pinarayi-vijayan

തിരുവനന്തപുരം : സംസ്ഥാന സിവിൽ സർവീസിലെ പ്രധാന പോസ്റ്റുകളെല്ലാം അന്യസംസ്ഥാന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതിൽ പ്രത്യേക താൽപര്യമെന്ന് ആക്ഷേപം. അഴിമതിക്ക് വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരുടെ നിലപാടുകൾ പലപ്പോഴും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മറുനാട്ടിൽ നിന്നുള്ള ഐ.എ.എസുകാർക്ക് പ്രധാന പോസ്റ്റുകൾ നല്‍കുന്നതിന് കാരണം.

ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്ക് പുറമെ ധനം, ആരോഗ്യം, വ്യവസായം തുടങ്ങി പ്രധാനവകുപ്പുകളെല്ലാം മറുനാട്ടുകാർക്കാണ്. സർക്കാറിന്‍റെ ഇംഗിതത്തിന് പലപ്പോഴും വഴങ്ങാതിരുന്ന ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ടി.കെ ജോസിനെ വെട്ടാനായി ഒരു സെക്രട്ടറിയെ അധികമായി നിയോഗിച്ചിട്ടുണ്ട്. അദാനിയെ അന്യായമായി സഹായിച്ചു എന്ന് ആക്ഷേപം നേരിട്ട ഗുജറാത്തുകനായ സഞ്ജയ് കൗള്‍ ആണ് ആഭ്യന്തര വിജിലന്‍സ് സെക്രട്ടറി. തുറമുഖവകുപ്പിന്‍റെ ചുമതലയും കൗള്‍ വഹിക്കും. സീനിയര്‍ ഉദ്യോഗസ്ഥന്‍ മുഴുവന്‍ ചുമതല വഹിക്കുന്ന വകുപ്പിലേക്ക് മറ്റൊരാള്‍ കൂടി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

വനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉള്‍പ്പെട്ട പമ്പ മണല്‍ക്കടത്തിനെതിരേ നിലപാട് എടുത്തതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ചീഫ് സെക്രട്ടറിയുടെയും സര്‍ക്കാറിന്‍റെയും ഇംഗിതത്തിനെതിരേ നിലകൊണ്ട അവര്‍ മണലെടുപ്പിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കോടികളുടെ അഴിമതിക്കാണ് ഇതോടെ തടയിട്ടത്. സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ആദ്യത്തെ വിജിലന്‍സ് കേസും പമ്പ മണലെടുപ്പുമായി ബന്ധപ്പെട്ടുണ്ടായി. കേസ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകള്‍ എടുത്തിരുന്ന ഡോ. ബി അശോകിനും വീണ്ടും സ്ഥലം മാറ്റമുണ്ടായി. അപ്രധാന തസ്തികയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

ഭരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ അഴിമതി കൊടികുത്തിവാഴുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിന് സൗകര്യമൊരുക്കാത്ത ഉദ്യോഗസ്ഥരെ അപ്രധാന തസ്തികകളിലേക്ക് മാറ്റുകയാണ്. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന മലയാളി ഉദ്യോഗസ്ഥര്‍ പലപ്പോഴും സര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ക്കൊപ്പം നില്‍ക്കാറില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തൽ.