സാബിത്ത് വധക്കേസിൽ ആർ.എസ്.എസ്. പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Jaihind Webdesk
Thursday, May 16, 2019

കാസർഗോഡ് മീപ്പുഗിരിയിലെ സാബിത്ത് വധക്കേസിൽ ആർ.എസ്.എസ്. പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

കാസർകോട് വർഗീയ സംഘർഷങ്ങൾക്ക് തുടക്കമിട്ട കൊലപാതകക്കേസിലാണ് മുഴുവൻ പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടത്. 2013 ജൂലൈ ഏഴിന് രാവിലെയാണ് സാബിത് കൊല്ലപ്പെട്ടത്. നുളളിപ്പാടി ജെ പി കോളനി പരിസരത്ത് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തിനെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.സാബിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന റഹീസിനും പരിക്കേറ്റിരുന്നു..സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന, സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് , ജെ പി കോളനിയിലെ 17കാരന്‍, ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ , കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ , കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താനുപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നീട്
അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാമുദായിക സംഘര്‍ഷമുണ്ടാക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ തെളിവുകളുടെ അപര്യാപ്തതയിൽ സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിടുന്നതെന്നും വിധി പ്രസ്താവത്തിൽ കോടതി അറിയിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയാണ് ഹാജരായത്. കേസിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.