യുഡിഎഫ് നഗരസഭാകൗൺസിലറുടെ കൊലപാതകം: സിപിഎം പ്രചാരണം പൊളിഞ്ഞു; പ്രതികളെല്ലാം സിപിഎമ്മുകാർ

 

മലപ്പുറം: മഞ്ചേരിയിൽ യുഡിഎഫ് നഗരസഭാകൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയും പോലീസ് പിടിയിലായി. കേസിലെ ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചു ആണ് പിടിയിലായത്. ലഹരി സംഘത്തിലെ കണ്ണികളായ പ്രതികൾ ഡിവൈഎഫ്ഐ അംഗങ്ങളും സിപിഎം പ്രവർത്തകരുമാണ്. പ്രതികൾക്ക് സിപിഎം ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പ്രാദേശികലീഗ് നേതൃത്വം പുറത്തുവിട്ടു.ഇതോടെ പ്രതികൾ ലീഗുകാരാണെന്ന സിപിഎമ്മിന്‍റെ വ്യാജ പ്രചാരണം പൊളിഞ്ഞു.

28 കാരനായ ഷുഹൈബ് ഇന്നലെ രാത്രി തമിഴ്നാട്ടിൽ വെച്ചാണ് പോലീസ് പിടിയിലായത്. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയാണ് ഷുഹൈബ്. ഇതോടെ കൊലപാതകത്തിൽ പങ്കാളികളായ കേസിലെ 3 പ്രതികളും പിടിയിലായി. പ്രതികളായ അബ്ദുൽ മജീദ്, ഷംസീർ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. മജീദും ഷുഹൈബും ഷംസീറും ചേർന്നാണ് അബ്ദുൽ ജലീലിന്‍റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.

ചൊവ്വാഴ്ച രാത്രിയാണ് വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തലയ്ക്ക് മാരകായുധം കൊണ്ട് അടിയേറ്റ് മഞ്ചേരി നഗരസഭയിലെ യുഡിഎഫ് കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ടത്. പ്രതികൾ പ്രദേശത്തെ ലഹരി മാഫിയ സംഘത്തിലെ കണ്ണികളും ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. പ്രതികളുടെ സിപിഎം ബന്ധം മറച്ചുവെക്കാൻ പാർട്ടി മുഖപത്രത്തിൽ ഇന്നലെ പ്രസിദ്ധികരിച്ച വാർത്ത വാസ്തവ വിരുദ്ധവും വ്യാജപ്രചാരണവുമാണെന്ന് പ്രതികളുടെ ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. പ്രതികളായ ഷുഹൈബ്, ഷംസീർ എന്നിവർ ഡിവൈഎഫ്ഐ അംഗങ്ങളും സജീവ സിപിഎം പ്രവർത്തകരുമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പ്രദേശിക ലീഗ് നേതൃത്വം പുറത്തുവിട്ടു.

2016 ലാണ് പ്രതികൾ ഡിവൈഎഫ്ഐയിൽ അംഗത്വമെടുത്തത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രദേശത്തുണ്ടാകുന്ന സംഘർഷങ്ങളിലുമെല്ലാം കൊലക്കേസിലെ മുഖ്യപ്രതി ഷുഹൈബും പാണ്ടിക്കാട് വെള്ളുവനാട് സ്വദേശി ഷംസീറും പങ്കാളികളായിരുന്നതായി നാട്ടുകാർ പറയുന്നു. പല കേസുകളിലും പ്രതികളാകുമ്പോൾ മഞ്ചേരിയിലെ ഉന്നതനായ സിപിഎം നേതാവായിരുന്നു ഇവരുടെ രക്ഷയ്ക്കെത്തിയിരുന്നത്. യുഡിഎഫിലെ ജനകീയ നേതാവായിരുന്ന അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് ലീഗ് പ്രവർത്തകരും നേതാക്കളും.

Comments (0)
Add Comment