കശ്മീരിനെ ‘ആഗോള ജിഹാദ്’ പട്ടികയില്‍ ഉള്‍പ്പെടുത്തി അല്‍ഖായിദ ; പിന്നില്‍ ഐഎസ്ഐ

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പിന്മാറ്റം പൂർത്തിയായതിനു പിന്നാലെ ‘ഇസ്‌ലാമിക പ്രദേശങ്ങളുടെ’ വിമോചനത്തിനായി ‘ആഗോള ജിഹാദ്’ പ്രഖ്യാപിച്ച് ഭീകരസംഘടനയായ അൽഖായിദ. പാക്കിസ്ഥാന്റെ ഇടപെടലാണ് അൽഖായിദയുടെ പട്ടികയിൽ കശ്മീരും ഇടംപിടിക്കാൻ കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയിലെ ചെച്നിയ, ചൈനയിലെ ഷിൻജിയാംഗ് എന്നിവ അൽഖായിദയുടെ ‘ജിഹാദ് പട്ടിക’യിൽനിന്ന് ഒഴിവാക്കപ്പെട്ടതും ആസൂത്രിതമാണെന്നാണ് ഇന്ത്യ കരുതുന്നത്.

‘അൽഖായിദ ആഗോള ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കശ്മീർ ഒരിക്കലും താലിബാന്‍റെ അജൻഡയിൽ ഇല്ലാത്തതിനാൽ പ്രസ്താവനയിൽ ഉൾപ്പെട്ടത് അമ്പരിപ്പിക്കുന്നതാണ്. പാക്കിസ്ഥാൻ ചാരസംഘടനായ ഐഎസ്ഐയാണ് അൽഖായിദയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ.’- സർക്കാർവൃത്തങ്ങൾ ദേശീയമാധ്യമത്തോട് പറഞ്ഞു.

ലഷ്‌കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾക്ക് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇതു കൂടുതൽ ആത്മവിശ്വാസം പകരുമെന്നും അവർ വ്യക്തമാക്കി. അൽഖായിദയുടെ പ്രസ്താവന സംബന്ധിച്ച് നിരീക്ഷണം തുടരുകയാണെന്നും നിലവിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അൽഖായിദ തലവൻ അയ്മൻ അൽ സവാഹിരി പാക്ക് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. താലിബാന്‍റെ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദ വരെ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പിടിയിലാണെന്നാണ് സൂചന.

അഫ്ഗാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ഡൽഹിയിലും കശ്മീരിലും നിരന്തരം ചർച്ച നടക്കുന്നുണ്ട്. നിയന്ത്രണ രേഖയിൽ വീണ്ടും സജീവമാകുന്ന നുഴഞ്ഞുകയറ്റം സംബന്ധിച്ച് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. കശ്മീരിൽ ഇടപെടില്ലെന്ന് താലിബാൻ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഇന്ത്യ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അൽഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റിന്റെ (എക്യൂഐഎസ്) പ്രവർത്തനങ്ങളും വിവിധ സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നു. താലിബാൻ അംഗങ്ങളെ ഉൾപ്പെടുത്തി എക്യൂഐഎസ് യൂണിറ്റ് അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഭീകരരെ പരിശീലിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള പുതിയ താവളമായിട്ടാണ് അഫ്ഗാനിസ്ഥാനെ പാക്കിസ്ഥാൻ കാണുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ കൂടുതൽ ജാഗത്ര പാലിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

 

Comments (0)
Add Comment