കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; കേന്ദ്രത്തില്‍ നിന്ന് 10 നിര്‍ദേശങ്ങള്‍; കാര്‍ഗില്‍ യുദ്ധകാലത്ത് പോലും സ്വീകരിക്കാത്ത നടപടി

Jaihind News Bureau
Tuesday, May 6, 2025

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായുള്ള സംഘര്‍ഷ സാധ്യത ശക്തമായി നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതുവരെ ഇന്ത്യന്‍ ജനത നേരിട്ടിട്ടില്ലാത്ത യുദ്ധ കാല മോക് ഡ്രില്‍ ഉള്‍പ്പടെ പത്ത് നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കേരളം അടക്കം കടലോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രില്‍ നടക്കുകയെന്നാണ് പ്രാഥമിക വിവരം. ഇന്ത്യ-പാക് സംഘര്‍ഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നിരിക്കെ കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇതു നടത്തുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനങ്ങള്‍ക്ക് ആ ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. അടിയന്തരമായി ദേശവ്യാപകമായി് മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആകാശമാര്‍ഗ്ഗമുള്ള ആക്രമണം നേരിടാന്‍ എയര്‍ സൈറന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യവും, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ നടത്താനും തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ തീര സംസ്ഥാനങ്ങള്‍ക്കാണ് ഇത്തരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗര്‍ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഡല്‍ഹി അടക്കമുള്ള വടക്കന്‍ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കാനാണ് സാധ്യത. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിര്‍ദ്ദേശം ഗൗരവമായെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും കൊടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.