ജമ്മുകശ്മീർ അതീവജാഗ്രതയില്‍ ; ഇന്ന് രഹസ്യാന്വേഷണവിഭാഗം യോഗം ചേരും

Monday, October 18, 2021

ശ്രീനഗര്‍ : ജമ്മു കശ്മീരിൽ  സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റണമെന്ന നിർദേശം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യാജമാണെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. എന്നാൽ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും തൊഴിലാളികളെ പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ 2 ബിഹാർ സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, പൂഞ്ചിൽ ഭീകരർക്കായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.