പാലക്കാട്: ആലത്തൂരിലെ ജനാധിപത്യ ശക്തികള്‍ക്ക് ഇത് പ്രതീക്ഷയുടെ പൂക്കാലം. ഇവിടെ വോട്ടര്‍മാരില്‍ വലിയൊരു പങ്കും കന്നിവോട്ട് ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ്. ഇടക്കാലത്തെ ആലസ്യം മാറിയതിന്റെ തൃപ്തി ആലത്തൂര്‍കാരുടെ മനസില്‍ നിന്ന് വായിച്ചെടുക്കാം.
ജനാധിപത്യ മുന്നണിക്ക് കൈവന്ന കരുത്തും അതിന്റെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനുള്ള സ്വീകാര്യതയുമാണ് വോട്ടെടുപ്പ് പലതും കണ്ടവര്‍ക്കുപോലും ഇത്തവണത്തെ വോട്ട് കന്നിവോട്ടുപോലെ അനുഭവപ്പെടാന്‍ കാരണമാകുന്നത്. ഇതുകൊണ്ട് സി പി എം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തിയ മണ്ഡലവുമായി ആലത്തൂര്‍ മാറിയിരിക്കുന്നു.
കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ്തന്നെ എല്‍ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നു. ആദ്യം വന്നത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ പി കെ ബിജു തന്നെ. സിറ്റിംഗ് എം പിയായ അദ്ദേഹം പ്രചാരണം തുടങ്ങി ഏതാനും നാളുകള്‍ പിന്നിടുംമുന്‍പെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും എത്തി. ചുറുചുറുപ്പും പ്രസരിപ്പുമായി പിന്നെ രമ്യ കളം അടക്കി വാഴുകയായിരുന്നു.
ഇടതുമുന്നണിയുടെ കോട്ട കൊത്തളങ്ങള്‍ ഇതോടെ പരിഭ്രാന്തിയിലായി. രമ്യ ആലത്തൂരില്‍ മാത്രമല്ല കേരളമാകെ തരംഗം സൃഷ്ടിക്കുകയായിരുന്നു. പ്രചാരണത്തിലെ അലയടികണ്ട് മാധ്യമങ്ങള്‍ അയല്‍ സംസ്ഥാനത്തെ ഒരു സ്ഥാനാര്‍ത്ഥിയെ തമിഴ്‌നാട്ടിലെ രമ്യ എന്ന് വിശേഷിപ്പിക്കുന്നതുവരെ കാര്യങ്ങള്‍ എത്തി. പരിഭ്രാന്തിയിലായ സി പി എം പിന്നീട് ആവനാഴിയിലെ എല്ലാ അമ്പുകളും എടുത്ത് പ്രയോഗിക്കുകയായിരുന്നു. എല്‍ ഡി എഫിന്റെ കണ്‍വീനര്‍ എ വിജയരാഘവന്‍ മറ്റ് നിയോജക മണ്ഡലങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ പോലും ആലത്തൂര്‍ പേടിയില്‍ വിറകൊണ്ടു. അതിന്റ പേരില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശാസനയും കേട്ടു. ഇടത് ബുദ്ധികേന്ദ്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രമ്യയെ ആക്ഷേപങ്ങള്‍കൊണ്ട് വിമര്‍ശിച്ചപ്പോള്‍ കേരളമാകെ അതിനെതിരെ രംഗത്തുവരുന്നതും കാണാനായി. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് പ്രാവശ്യമായി ആലത്തൂരില്‍ എത്തിയതുതന്നെ സി പി എം എത്രമാത്രം വിരണ്ടുപോയി എന്നതിന്റെ തെളിവാണ്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. സി പി എമ്മിന്റെ പോഷക സംഘടനകളെല്ലാം സംസ്ഥാനതലത്തില്‍ സംഗമങ്ങള്‍ ഒരുക്കി.
രമ്യക്കായി യു ഡി എഫ് പതിച്ച പോസ്റ്ററുകള്‍ക്ക് മുകളില്‍ സി പി എം ചിഹ്നം ഒട്ടിച്ച് വോട്ട് മറിക്കാന്‍ പറ്റുമോ എന്ന തന്ത്രവും അവര്‍ പയറ്റിനോക്കി. കാല്‍നൂറ്റാണ്ടോളം കൈവശമുണ്ടായിരുന്ന സീറ്റ് കൈവിട്ടു പോകുന്നതിലെ നിരാശയും കോപവും ഭരണക്കാരുടെ ഉറക്കം കെടുത്തി. ബി ജെ പി മുന്നണിക്ക് മുന്‍ തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ ക്ഷീണമുണ്ടാകുമോ എന്ന ആശങ്കയാണ് സി പി എം നേതാക്കള്‍ പൊതുയോഗങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായ ടി വി ബാബുവിന്റെ നിയോജക മണ്ഡളം പര്യടനം വഴിപാടായി മാറിയതിലെ ദു:ഖമാണ് സി പി എം കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ എ കെ ബാലന്‍ പ്രസംഗിച്ചു നടക്കുന്നത്.
അദ്ദേഹം പ്രതിനിധീകരിക്കുന്ന തരൂര്‍ അസംബ്ലി മണ്ഡലം ആലത്തൂരിലാണ്. ബാലന്റെ പ്രസംഗങ്ങള്‍ ബി ജെ പിക്കാരെ ഉത്തേജിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാണോ എന്ന് വോട്ടര്‍മാരുടെ സംശയം അസ്ഥാനത്താകുന്നില്ല. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്നതിന് പകരം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ നിലനിര്‍ത്താന്‍ ബി ജെ പിക്കാരെ നിങ്ങള്‍ ശ്രമിക്കുന്നില്ലേ എന്നാണ് അദ്ദേഹം വികാരഭരിതനായി ചോദിക്കുന്നത്.
ബി ജെ പി മുന്നണി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ആളില്ലാത്തതാണ് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത്. എന്നാല്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എങ്ങും ചിട്ടയായ പ്രവര്‍ത്തനം.
പ്രകോപനങ്ങളെ കൂസാതെ മുന്നോട്ട്. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന. പോളിംഗ് ശതമാനം എത്രയും ഉയര്‍ന്നാല്‍ അത്രയം നേട്ടം എന്നാണ് തിരഞ്ഞെടുപ്പ് സമിതി ഭാരവാഹികള്‍ വിലയിരുത്തുന്നത്. അതിനിടെ നിരവധി സംഘടനകളും ഗ്രൂപ്പുകളും സാമൂഹ്യ വിഭാഗങ്ങളും യു ഡി എഫിനും രമ്യ ഹരിദാസിനും പിന്തുണ പ്രഖ്യാപിക്കുന്നു.
കാല്‍നൂറ്റാണ്ട് കാലം എല്ലാ തിരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫിനെ പിന്തുണച്ചിരുന്നവര്‍ നിലപാട് മാറ്റി യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ സര്‍വാത്മനാ പിന്തുണയ്ക്കുന്നു. പ്ലാച്ചിമട സമരസമിതിയാണ് അവസാനമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും എല്‍ ജെ ഡി നേതാവ് എം പി വീരേന്ദ്രകുമാറിന്റെയും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് അത്.
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് തിരിച്ചയച്ച നരേന്ദ്രമോദി സര്‍ക്കാരിന് പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കൊക്കക്കോളക്കെതിരെ എടുത്ത കേസില്‍ കമ്പനിയെ സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ഇടത് സര്‍ക്കാരിന് തിരിച്ചടി നല്‍കണമെന്നാണ് പ്ലാച്ചിമടക്കാരുടെ ആവശ്യം. പ്ലാച്ചിമട പ്രശ്‌നത്തെ മന്ത്രി എ കെ ബാലന്‍ നിസാരവല്‍ക്കരിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഇരകളോടൊപ്പം നിന്ന് ഇരകളെ വഞ്ചിക്കുന്ന സമീപനമാണ് ഭരണക്കാരുടേത്.