ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി; പറമ്പില്‍ നിന്ന് വീണുകിട്ടിയതെന്ന് കുട്ടിയുടെ മൊഴി

Jaihind News Bureau
Wednesday, December 3, 2025

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. കാര്‍ത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നാണ് കൈത്തോക്കിലുപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ ക്ലാസ് മുറികളില്‍ വെച്ച് ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബുള്ളറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. വെടിയുണ്ടകള്‍ പോലീസിന് കൈമാറുകയും തുടര്‍ന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പില്‍ നിന്ന് ഈ വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍, ഇടവേള സമയങ്ങളില്‍ കുട്ടികളുടെ ബാഗുകള്‍ പതിവായി പരിശോധിക്കാറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.